മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ഇരക്കോടിയിൽ ഇംതിയാസ് എന്ന അബ്ദുൾ റഹിമാൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ തുടരുന്നു. സംഘർഷം പടരാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടർന്ന് ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിൽ ബിഎൻഎസ് 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ആനന്ദ് കെ. ഉത്തരവിട്ടിരുന്നു.മെയ് 30 ന് വൈകുന്നേരം 6 മണി വരെയാണ് നിരോധനാജ്ഞ.
ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ എഡിജിപി (ക്രമസമാധാനപാലനം) ഹിതേന്ദ്ര മംഗളൂരു സന്ദർശിച്ചു . ജില്ലയിലുടനീളം കനത്ത പോലീസ് വിന്യാസം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉഡുപ്പി, ചിക്കമംഗളൂർ, മൈസൂർ, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചു. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് വകുപ്പ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. കൊലപാതകത്തെക്കുറിച്ച് ബണ്ട്വാൾ ഡിവൈവിഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയവർക്കെതിരെ 45 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.















