കൊൽക്കത്ത: മുർഷിദാബാദിൽ നടന്ന അക്രമങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ക്രൂരതയാണ് എടുത്തുകാട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാനം പാലിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ ദുരിതങ്ങൾക്ക് മുന്നിൽ അവർ കണ്ണടച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു. ബംഗാളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സമൂഹത്തെ തന്നെ കീറിമുറിക്കുന്ന അക്രമമാണ് സംസ്ഥാനത്ത് നടന്നത്. മമത ബാനർജിയുടെ സർക്കാർ പ്രീണന രാഷ്‌ട്രീയം കളിക്കുകയാണ്. ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസം നഷ്ടമായി. ജനങ്ങൾക്ക് ഇപ്പോൾ കോടതിയെ മാത്രമേ ആശ്രയിക്കാനാവൂ”.
“സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ ജനങ്ങൾ പൊറുതിമുട്ടി. യുവാക്കളും കുടുംബങ്ങളുമാണ് അഴിമതിയുടെ ഭാരം ചുമക്കുന്നത്. ആയിരക്കണക്കിന് അദ്ധ്യാപകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഭാവി സർക്കാർ നശിപ്പിച്ചു. അദ്ധ്യാപകർ മാത്രമല്ല, വിദ്യാഭ്യാസ മേഖല തന്നെ നശിച്ചുകൊണ്ടിരിക്കുകയാണ്”.
സർക്കാർ തങ്ങളുടെ തെറ്റുകൾ സമ്മതിക്കാതെ കോടതിയെ കുറ്റപ്പെടുത്തുന്നു. പിന്നാക്ക വിഭാഗങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രക്ഷേമ പദ്ധതികളെ മമത സർക്കാർ തടയുകയാണ് ചെയ്യുന്നത്. ദരിദ്രർക്കും പിന്നാക്ക സമുദായങ്ങൾക്കും എതിരായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.















