ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളും സാങ്കേതിക വിദ്യകളും ‘യുദ്ധപരീക്ഷണ’ത്തില്‍ വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ച ആയുധങ്ങള്‍, വാങ്ങലുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും സിഐഐ വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്ത് കാമത്ത് പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കയറ്റുമതി വര്‍ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇപ്പോള്‍ ഇവ (ഉപകരണങ്ങള്‍) യുദ്ധപരീക്ഷണം നടത്തിക്കഴിഞ്ഞു,’ കാമത്ത് പറഞ്ഞു.
ഇന്ത്യ നിലവില്‍ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പ്രതിരോധ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
‘ഞങ്ങള്‍ ഇതിനകം നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, അപ്പോള്‍ ഈ ഉപകരണം നൂറ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ഞങ്ങളില്‍ നിന്ന് വാങ്ങാത്ത മറ്റ് ചില രാജ്യങ്ങളും ഇപ്പോള്‍ ഞങ്ങളുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു,’ കാമത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.















