ചാലക്കുടി : ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും കബാലിയുടെ വിളയാട്ടം.ഈ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഏറെ നേരം റോഡിൽ തുടർന്നു. അമ്പലപ്പാറയിൽ വച്ചാണ് ഒന്നരമണിക്കൂറിലേറെ സമയം സ്വകാര്യ ബസ് ആന തടഞ്ഞിട്ടത്
ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടി ബസ് തടഞ്ഞ ആനയെ പിന്തിരിപ്പിച്ചത് വൈകിട്ട് ആറരയോടെയാണ്. കബാലി എന്ന പേരിൽ അറിയപ്പെടുന്ന ആനയെ പ്രദേശത്ത് മാസങ്ങളായി കാണാനില്ലായിരുന്നു . രണ്ടുദിവസം മുൻപാണ് ആന വീണ്ടും മടങ്ങിയെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
ആനയുടെ സാന്നിധ്യം റോഡിൽ ഉണ്ടാകുമ്പോൾ വലിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അമ്പലപ്പാറ വളവിൽവെ ച്ച് മുൻപ് പലപ്പോഴും കബാലി കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത് എന്ന് റിപ്പോർട്ടുണ്ട്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കൊമ്പനെ കണ്ടു ഭയന്നോടുമ്പോൾ വീണ് പരുക്കേറ്റിട്ടുണ്ട്. ആനക്കയം മുതല്‍ ഷോളയാര്‍ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിലയിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാടുകയറിയ കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും കാനന പാതയിലേക്കെത്തിയത് എന്ന നിഗമനത്തിലാണ് നാട്ടുകാർ.















