ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) നിന്ന് ബിരുദം നേടിയവരുടെ പാസിംഗ് ഔട്ട് പരേഡിൽ ഇത്തവണ വനിതാ കേഡറ്റുകളും. ചരിത്രത്തിലാദ്യമായാണ് 300 ൽ അധികം വരുന്ന പുരുഷ കേഡറ്റുകൾക്കൊപ്പം 17 വനിതാ കേഡറ്റുകളും മാർച്ച് ചെയ്തത്.
നാഷണൽ ഡിഫൻസ് അക്കാദമിയുടെ 148-ാമത് കോഴ്‌സിന്റെ പാസിംഗ് ഔട്ട് പരേഡാണ് വെള്ളിയാഴ്ച പൂനെയിലെ ഖഡക്വാസ്ലയിലുള്ള എൻഡിഎ കാമ്പസിൽ നടന്നത്. ഡിവിഷൻ കേഡറ്റ് ക്യാപ്റ്റൻ ശ്രിതി ദക്ഷ് ബാച്ചിലർ ഓഫ് ആർട്‌സ് സ്ട്രീമിൽ ഉയർന്ന റാങ്ക് നേടി. എൻഡിഎയിൽ നിന്ന് പാസായ ശേഷം, കേഡറ്റുകൾ അവരുടെ പ്രീ-കമ്മീഷനിംഗ് അക്കാദമികളിലേക്ക് പോകും
സ്ത്രീകൾക്ക് ട്രൈ-സർവീസസ് അക്കാദമിയിൽ പ്രവേശനം നേടാൻ അനുമതി നൽകിയ സുപ്രീം കോടതി ഇടക്കാല ഉത്തരവിനെത്തുടർന്നാണ് 2022 ൽ വനിതാ കേഡറ്റുകൾ എൻഡിഎയിൽ ചേർന്നത്. 2022 മുതൽ, ആറ് ബാച്ചുകളിലായി (148 മുതൽ 153 വരെ) 126 വനിതാ കേഡറ്റുകൾ എൻഡിഎയിൽ ചേർന്നു.















