കാസർഗോഡ്: മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 167 വർഷം കഠിന തടവ്. പ്രതിക്ക് 5,50,000 രൂപ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവ് അനുഭവിക്കണം. കാസർഗോഡ് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി.
ചെങ്കള, പാണലം സ്വദേശി ഉസ്മാനാണ് കേസിലെ പ്രതി.
2021 ജൂണിലും അതിനുമുമ്പുള്ള മാസങ്ങളിലുമാണ് പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധൂർ ഗ്രാമത്തിലെ ഉളിയത്തടുക്ക സ്വദേശിനിയായ 14 വയസുകാരിയെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഭക്ഷണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ രക്ഷിതാക്കളറിയാതെ പ്രതി ഓടിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആൾതാമസമില്ലാത്ത വാനപ്രദേശത്തെത്തിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.
കാസർഗോഡ് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി ഇൻസ്‌പെക്ടർ സി ഭാനുമതി കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ പ്രിയ ഹാജരായി.















