ഛണ്ഡീഗഢ്: പഞ്ചാബിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് നാല് തൊഴിലാളികൾ മരിച്ചു. മുക്ത്സർ സാഹിബ് ജില്ലയിലാണ് സംഭവം. അപകടത്തിൽ 27 ഓളം പേർക്ക് പരിക്കേറ്റു. പടക്ക നിർമാണശാലയുടെ പാക്കേജിംഗ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളിൽ നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
ഇരുനില കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സ്ഫോടനമുണ്ടായത്. സംഭവസമയത്ത് 50 ഓളം തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു. നാല് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും എത്തി ജീവനക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സ്ഫോടനത്തിന് പിന്നാലെ പൊലീസും മെഡിക്കൽ ടീമും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.















