ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍ബിഎഫ്സിയായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (എയുഎം ) വന്‍ വര്‍ധന. കേരള കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പാ വിതരണത്തിലും വര്‍ധനവുണ്ട്.
വായ്പ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയോടെ 2025 സാമ്പത്തിക വര്‍ഷം മികച്ച നേട്ടം കൈവരിച്ചതായി കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി ഉയരുകയും ചെയ്തു.
നിഷ്‌ക്രിയ ആസ്തി കുറയ്‌ക്കാനും ഇന്‍ഡെല്‍ മണിക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3.17 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി ഇത്തവണ 1.35 ശതമാനമായി കുറഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ 94 ശതമാനവും സ്വര്‍ണ്ണ വായ്പിലൂടെയാണെന്ന് കണക്കുകള്‍ പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം (2026) 10,000 കോടി രൂപ വായ്പയായി വിതരണം നടത്തുകയും 4000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതിയ 89 ശാഖകള്‍ കൂടി ആരംഭിച്ചതോടെ മൊത്തം ശാഖകളുടെ എണ്ണം 365 ആയി. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്‍ഡെല്‍ മണിക്ക് സാന്നിധ്യമുണ്ട്.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വായ്പാ വിതരണത്തില്‍ 69 ശതമാനവും കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 52 ശതമാനവും വളര്‍ച്ചയുമായി മികച്ച പ്രകടനമാണ് കമ്പനി നടത്തിയതെന്ന് ഇന്‍ഡെല്‍ മണി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.