ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വേളയിൽ, പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയൻ സർക്കാരിനെതിരെ അമർഷം രേഖപ്പെടുത്തി ശശി തരൂർ എംപി. ഭീകരതയ്‌ക്കിരയായി കൊല്ലപ്പെട്ടവരോട് അനുഭവം പ്രകടിപ്പിക്കാതെ, പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച നിലപാട് ശശി തരൂർ ചോദ്യം ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നവരും ഭീകരതയെ കയറ്റി അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം കൊളംബിയൻ ജനത തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഗ്ലോബൽ ഔട്ട് റീച്ച് മിഷന്റെ ഭാഗമായി കൊളംബിയയിൽ എത്തിയതായിരുന്നു ശശി തരൂരും സംഘവും. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയും വിശദീകരിക്കുന്നതിനിടെയാണ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായി കൊളംബിയ നിലപാടെടുത്തത്. ഈ നിലപാടിലാണ് തരൂർ കർശനമായ അമർഷം രേഖപ്പെടുത്തിയത്.
ഭീകരതയ്‌ക്കെതിരെയായി കൊല്ലപ്പെട്ട വരോട് കരുണ കാണിക്കാതെ, സങ്കുചിത നിലപാടുകൾ എടുത്തതിന് എതിരെ അതിരൂക്ഷമായാണ് ശശി തരൂർ പ്രതികരിച്ചത്. ഭീകരതക്കെതിരായ ഭാരതത്തിന്റെ പോരാട്ടം സ്വയം പ്രതിരോധം മാത്രമെന്നും, മറിച്ചുള്ള ധാരണകൾ തിരുത്തുന്നതിന് വിശദീകരണം നൽകാൻ സന്നദ്ധമെന്നും ശശി തരൂർ അറിയിച്ചു.