കാസർഗോഡ്: കാലവർഷം ശക്തിപ്രാപിച്ചതോടെ കാസർഗോഡും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. മഞ്ചേശ്വരത്തെ മജ് വെയിൽ മുകുളി റോഡും,റോഡിൽ പാർക്ക് ചെയ്യ്തിരുന്ന കാറും ബൈക്കും ഉൾപ്പെടെ വാഹനങ്ങളും ഒലിച്ച് പോവുകയും ചെയ്തു. പ്രദേശത്തെ 15 ഓളം വീടുകളിൽ വെള്ളം കയറി.
കോഴിക്കോട് മലയോര മേഖലയായ വിലങ്ങാട് ഉൾപ്പെടെ ശക്തമായ മഴ തുടരുകയാണ്. ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തിൽ കനത്ത മഴയിൽ വീട് തകർന്നു. ഇതോടെ 80 ലധികം വീടുകളാണ് മഴയിലും കാറ്റിലും തകർന്നത്. ചാലിയാറും ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
മലയോര മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ വടകര താലൂക്കില്‍ ഒന്നും കോഴിക്കോട് താലൂക്കില്‍ രണ്ടും ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 758 മീറ്ററിൽ എത്തിയാൽ ഡാമിലെ അധിക ജലം തുറന്നു വിടേണ്ടതുള്ളതിനാൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.