സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകും. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഇളവ് നല്‍കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇതോടെ രാജ്യത്തെ സംരംഭങ്ങളിലേക്ക് സൗദി ഫണ്ടില്‍ നിന്ന് കൂടുതല്‍ മൂലധനമെത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യും. നിലവില്‍ ഒറ്റ കമ്പനിയിലേക്ക് പത്ത് ശതമാനമെന്ന നിയന്ത്രണമുള്‍പ്പടെ നിരവധി വെല്ലുവിളികള്‍ സോവറിന്‍ ഫണ്ടുകളുടെ നിക്ഷേപത്തിന് പുറത്തുണ്ട്. സോവറിന്‍ ഫണ്ടുകളുടെ സഹസ്ഥാപകനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ പരിമിധിയുമുണ്ട്.
ഇത് പൊതു നിക്ഷേപ ഫണ്ടുകളുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുന്നുണ്ട്. ഈ പട്ടികയില്‍ നിന്നും സൗദി സോവറിന്‍ ഫണ്ടിന് ഇളവ് ലഭിച്ചതോടെ അവിടെ നിന്നുള്ള നിക്ഷേപ ഒഴുക്ക് കൂടും.
ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമ മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഊര്‍ജം, അടിസ്ഥാനസൗകര്യം, ഫാര്‍മ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്.
സൗദി അറേബ്യയുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. പുതിയ ഇളവുകള്‍ വന്നതോടെ സൗദി സോവറിന്‍ ഫണ്ടിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി ഇന്ത്യയില്‍ നിക്ഷേപം നടത്താം.
ആഗോള തലത്തില്‍ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. 925 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ വളരെ പരിമിതമായ നിക്ഷേപം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനാണ് ലഭിച്ചത്.
ജിയോ പ്ലാറ്റ്‌ഫോംസില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപവും മുകേഷ് അംബാനിയുടെ തന്നെ റിലയന്‍സ് റീട്ടെയ്‌ലില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപവും നടത്തിയിട്ടുണ്ട് സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട്.















