ശ്രീനഗർ: പാക് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നിയമന കത്തുകൾ കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീർ പൂഞ്ചിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ സന്ദർശിച്ചു. അതിർത്തിയിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് പൂഞ്ചിൽ നടന്ന പൊതുപരിപാടിയിൽ അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് പൂഞ്ചിൽ ഇത്രയും വലിയൊരു ആക്രമണമുണ്ടായത്. ലോകം മുഴുവൻ പാകിസ്താന്റെ ആക്രമണത്തെ അപലപിച്ചു. എല്ലാത്തിനും മറുപടിയായി ഇന്ത്യൻ സായുധസേന പാകിസ്താന്റെ വ്യോമതാവളങ്ങൾ തകർത്തു. ഒരു നിവർത്തിയുമില്ലാതെ അവർക്ക് വെടിനിർത്തലിന് അപേക്ഷിക്കേണ്ടിവന്നു.
ഭീകരതയ്‌ക്ക് സൈന്യം ശക്തമായ മറുപടി നൽകി. ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചുകൊണ്ട് നമ്മൾ ഉചിതമായ നടപടി സ്വീകരിച്ചു. നൂറുകണക്കിന് ഭീകരരെ സൈന്യം ഇല്ലാതാക്കി. ഭീകരർക്ക് അഭയം കൊടുക്കുന്നത് തങ്ങളാണെന്ന് പാകിസ്താൻ ലോകത്തിന് കാണിച്ചുകൊടുത്തു.
ഇന്ത്യയിലെ സാധാരണക്കാർക്കും സായുധസേനയ്‌ക്കും നേരെയുള്ള ആക്രമണം ഇന്ത്യ അനുവദിക്കില്ല. ഓരോ ആക്രമണങ്ങൾക്കും സൈന്യം കൃത്യമായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.















