ദുബായ് റിയല്‍റ്റി ഭീമന്‍ എമാറിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കുന്നതില്‍ നിന്നും അദാനി പിന്മാറി.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എമാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഗൗതം അദാനി ഏറ്റെടുക്കില്ല. എമാറിന്റെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് കാരണം.
ശതകോടീശ്വര സംരംഭകനായ അദാനിയും എമാറും കൈകോര്‍ക്കുന്നത് വലിയ ആവേശത്തോടെയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം നോക്കിക്കണ്ടത്. 1.4 ബില്യണ്‍ ഡോളര്‍ മൂല്യ കല്‍പ്പിച്ചായിരുന്നു വില്‍പ്പനയുടെ ചര്‍ച്ചകള്‍ നടന്നത്.
അദാനിയുടെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട് ഫോളിയോ നിലവില്‍ 24 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിന്റേതാണ്. 61 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് പ്രോപ്പര്‍ട്ടികളുടെ നിര്‍മാണം പുരോഗമിച്ചുവരികയുമാണ്.















