ഗോവ: പാകിസ്താൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ നാവിക സേനയുടെ കൂടി ശക്തി അറിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിന്നെ പാകിസ്ഥാന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഗോവയിൽ നങ്കൂരമിട്ട ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇനി പാകിസ്ഥാൻ മേലുള്ള പ്രഹരങ്ങൾ കഠിനമാകുമെന്നും തിരിച്ചുവരാനുള്ള അവസരം പോലും നൽകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതുവരെ സംഭവിച്ചതെല്ല ഇനി ഉണ്ടാകാൻ പോകുന്നത്. ഇന്ത്യൻ നാവികസേന ശക്തി എന്തെന്ന് 1971 ൽ പാകിസ്ഥാന് ബോധ്യമുള്ള കാര്യമാണ്. അന്ന് പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിൽ നാവിക സേന കൂടി പങ്കെടുത്തിരുന്നെങ്കിൽ പാകിസ്ഥാൻ നാല് കഷ്ണങ്ങൾ ആയേനെ എന്നും രാജ്നാഥ് സിങ് പരിഹസിച്ചു. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ ഭീകരവാദികളെ ഭാരതത്തിന് കൈമാറണമെന്നും സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരതയുടെ നഴ്സറികളെ പിഴുതെറിയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവൻ നാവികസേനാ അംഗങ്ങളെയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.ഇന്ത്യൻ നാവികസേന ഏത് വെല്ലുവിളികളും ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രിക്ക് ഉറപ്പ് നൽകുന്നതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി വ്യക്തമാക്കി.