മുംബൈ: കുതിപ്പ് തുടരുകയാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) ഓഹരികള്‍. പക്ഷേ ഓഹരി വിപണിയിലല്ല എന്നു മാത്രം. ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരി വില കഴിഞ്ഞ ഒരാഴ്ച കൊണ്ട് 50% ആണ് മുന്നേറിയത്. കഴിഞ്ഞ വ്യാഴാഴ്ച 1,500 രൂപയ്ക്ക് വിറ്റിരുന്ന ഓഹരിയുടെ വെള്ളിയാഴ്ചത്തെ വില 2350 രൂപയാണ്. നിലവില്‍ എന്‍എസ്ഇയുടെ ഓഹരി ഉടമകളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയെ സംബന്ധിച്ച് ഇത് റെക്കോഡാണ്.
ഗ്രേ മാര്‍ക്കറ്റിലെ കച്ചവടം
ഗ്രേ മാര്‍ക്കറ്റിലാണ് ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ അടക്കമുള്ള ഓഹരികള്‍ ട്രേഡിംഗ് അഥവാ അനൗദ്യോഗിക കൈമാറ്റം നടക്കുന്നത്. വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനികള്‍ വഴിയാണ് ഈ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുക. േ്രഗ മാര്‍ക്കറ്റിലെ ഓഹരികളുടെ വിലയെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം എന്നാണ് പറയുന്നത്. വെള്ളിയാഴ്ചത്തെ എന്‍എസ്ഇയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയമാണ് 2350 രൂപ.
ലോകത്തെ രണ്ടാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
ശക്തമായ വിപണി ആധിപത്യമുള്ള കമ്പനിയാണ് എന്‍എസ്ഇ. ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചും ട്രേഡിംഗ് വോളിയം അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമാണ് ഇത്. 268 ഐപിഒകള്‍ 1.67 ലക്ഷം കോടി രൂപ സമാഹരിച്ചതോടെ എന്‍എസ്ഇ മൂലധന വിപണിയില്‍ കരുത്തു കാട്ടുകയും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
മികച്ച വരുമാനം, ഉയര്‍ന്ന മൂല്യം
2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എസ്ഇയുടെ വരുമാനം 16 ശതമാനം ഉയര്‍ന്ന് 17,141 കോടി രൂപയിലെത്തി. അറ്റാദായം 47 ശതമാനം വര്‍ധിച്ച് 12,188 കോടി രൂപയായി. ഓഹരികള്‍ക്ക് 35 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ എന്‍എസ്ഇയുടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. പ്രത്യേകിച്ചും സമീപകാലത്തെ മികച്ച െ്രെതമാസ ഫലങ്ങള്‍ക്കും 4:1 ബോണസ് അനുവദിച്ച നടപടിക്കും ശേഷം.
മികച്ച മൂല്യമാണ് കമ്പനിക്ക് വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഡ്രൂ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്‍എസ്ഇയുടെ ഓഹരി മൂല്യം 1,550-1,700 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം എന്‍എസ്ഇയുടെ വിപണി മൂല്യം ഏകദേശം 5.7 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇത് വന്‍ നിക്ഷേപകരെയും റീട്ടെയ്‌ലര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
ഐപിഒ വൈകില്ല
എന്‍എസ്ഇ ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള നിയന്ത്രണങ്ങള്‍ അടുത്തിടെ കുറച്ചിട്ടുണ്ട്. പുതിയ ഐഎസ്‌ഐഎന്‍ നമ്പര്‍ വരുന്നതോടെ, വാങ്ങുന്നയാളുടെ ഡീമാറ്റ് അക്കൗണ്ടില്‍ എന്‍എസ്ഇ ഷെയറുകള്‍ ഒന്നു രണ്ടു ദിവസത്തിനകം ഡെലിവറി ചെയ്യപ്പെടും. മുന്‍പ് ഇതിനായി രണ്ട് മാസത്തിലേറെ കാത്തിരിക്കണമായിരുന്നു.
കോ-ലൊക്കേഷന്‍ കേസില്‍ സെബിയുമായി നടന്നുകൊണ്ടിരിക്കുന്ന നിയമ പോരാട്ടം ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്ഇ 1000 കോടി രൂപ ചെലവഴിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐപിഒയിലേക്ക് കമ്പനി അടുക്കുന്നെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാവും എന്‍എസ്ഇയെന്ന് ഉറപ്പായിട്ടുണ്ട്.















