ലഖ്‌നൗ: അഭിഭാഷകന്റെ വാദത്തിൽ തൃപ്തിയില്ലെന്നും ജയിൽ നിന്ന് നിയമം പഠിച്ച് കേസ് വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കാമുകനൊപ്പം ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെക്കൊന്ന ഭാര്യ മുസ്കാൻ റസ്‌തോഗി. കഴിഞ്ഞ മാർച്ചിലാണ് കാമുകൻ സാഹിൽ ശുക്ലയ്‌ക്കൊപ്പം ചേർന്ന് മുസ്‌കാൻ റസ്‌തോഗി ഭർത്താവ് സൗരഭ് രജ്പുതിനെ (35) കൊലപ്പെടുത്തിയത്.
മാർച്ച് 18 ന് മീററ്റിലെ ബ്രഹ്മപുരിയിൽ നിന്നുള്ള ഇവരുടെ വീട്ടിൽ നിന്നും നീല ഡ്രമ്മിനുള്ളിൽ സിമന്റുകൊണ്ട് സീൽ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഹിമാചൽ പ്രദേശിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പ്രതികളായ മുസ്കാനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഇരുവരെയും ചൗധരി ചരൺ സിംഗ് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു.
അതേസമയം സ്വന്തമായി കേസ് വാദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മുസ്കാന് അതിനാവശ്യമായ വിദ്യാഭ്യസ യോഗ്യതയില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മുസ്‌കാൻ റസ്‌തോഗി എട്ടാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ലെന്നും ഇന്ത്യയിൽ നിയമപഠനം നടത്തുന്നതിന് നിർബന്ധിത ആവശ്യകതയായ സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് അവരുടെ കൈവശമില്ലെന്നും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിക്ക് നിയമ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ ഇപ്പോൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. എൽഎൽബി കോഴ്സിന് യോഗ്യത നേടുന്നതിന് മുമ്പ് മുസ്കൻ സീനിയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.