പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾ പൂർണമായും 197 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ മേഖലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി അധികാരികൾ അറിയിച്ചു.
18 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ഇതിൽ 13 എണ്ണവും മഴക്കെടുതി രൂക്ഷമായ തിരുവല്ലയിലാണ്. കോഴഞ്ചേരി താലൂക്കിൽ നാല് ക്യാമ്പുകളും കോന്നിയിൽ ഒരു ക്യാമ്പുമാണ് തുറന്നിട്ടുള്ളത് .
പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളുടെ ജലനിരപ്പ് ഉയർന്നു. പമ്പ നദിയിൽ ജലനിരപ്പ് ഉയർന്ന് അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി . മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്ന് കക്കാട്ടാറിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്.
ശക്തമായ കാറ്റിലും മഴയിലും കോഴഞ്ചേരി അടൂർ താലൂക്കുകളിൽ രണ്ടു വീടുകൾ പൂർണമായി തകർന്നപ്പോൾ, 6 താലൂക്കുകളിലായി 197 വീടുകൾ ഭാഗികമായി തകർന്നു.
കാറ്റിലും മഴയിലും കെഎസ്ഇബിക്ക് മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും, 677 ലോ ടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്ഫോമറുകളും തകരാറിലായി.ജില്ലയിൽ ഇതുവരെ രണ്ടര കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 1667 കർഷകർക്കാണ് നാശനഷ്ടം ഉണ്ടായത്.















