ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഭാരതത്തോടൊപ്പം എന്ന വ്യക്തമാക്കി കൊളംബിയ. പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു. ഭീകരർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ പ്രതിനിധി സംഘത്തെ നയിച്ച ശശി തരൂർ വിയോജിപ്പും അമർഷവും രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊളംബിയ നിലപാട് തിരുത്തിയത്.
ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊളംബിയയിൽ എത്തിയിരുന്നത്. വിഷയം വിശദീകരിക്കുന്നതിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെട്ട ഭീകരർക്കും കൊളംബിയ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. ഈ നിലപാട് ആശങ്കയുണ്ടാക്കുന്നതായി ശശി തരൂർ പ്രതികരിക്കുകയും ചെയ്തു. . ഭീകരരെയും സാധാരണക്കാരെയും തുല്യരായി കണക്കാക്കാൻ ആവില്ലെന്ന് ഉറച്ച നിലപാടായിരുന്നു ഭാരതത്തിന്റെതായി ശശി തരൂർ മുന്നോട്ടുവെച്ചത്.
ഭീകരതയ്‌ക്കെതിരായ സ്വയം പ്രതിരോധം മാത്രമാണ് ഭാരതം നടത്തിയത്. ഭീകരാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരോട് കരുണയില്ലാത്ത നിലപാട് അപലപനീയം എന്നും ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രസ്താവന പിൻവലിക്കുമെന്ന് കൊളംബിയൻ റോസാ യോലാന്റ വിലവിസെൻഷ്യോ ഉറപ്പു നൽകിയതായി ശശി തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ പ്രതിനിധി സംഘങ്ങളെ അയച്ചത് യുക്തിപൂർവ്വമായ നയതന്ത്ര നടപടിയെന്ന് വീണ്ടും തെളിയുകയാണ്.















