ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയിലെ മൂന്ന് പൊതുമേഖലാ കമ്പനികള്‍ക്ക് കൂടി ‘മിനിരത്‌ന’ പദവി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് (എവിഎന്‍എല്‍), ഇന്ത്യ ഒപ്‌ടെല്‍ ലിമിറ്റഡ് (ഐഒഎല്‍) എന്നിവയ്‌ക്കാണ് ‘മിനിരത്‌ന’ പദവി നല്‍കുക. മിനിരത്‌ന കാറ്റഗറി1 വിഭാഗത്തിലാണ് മൂന്ന് കമ്പനികളെയും ഉള്‍പ്പെടുത്തുക.
തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ സ്ഥാപനങ്ങളുടെ സ്വയംഭരണവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. 2021 ഒക്ടോബറിലാണ് പഴയ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) വിഘടിപ്പിച്ച് ഈ മൂന്ന് കമ്പനികളും രൂപീകരിച്ചിരുന്നത്.
വിറ്റുവരവും സ്വദേശിവല്‍ക്കരണ നിലവാരവും ഗണ്യമായി വര്‍ധിപ്പിച്ചതിന് കമ്പനികളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. സര്‍ക്കാര്‍ വകുപ്പുകളെന്ന നിലയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലേക്കുള്ള കമ്പനികളുടെ പരിണാമം പക്വവും സ്വാശ്രയവുമായ പ്രതിരോധ നിര്‍മ്മാണത്തിന്റെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മ്യൂണിഷന്‍സ് ഇന്ത്യ
കാലിബര്‍ റൗണ്ടുകള്‍, ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വരുമാനം 2024-425 സാമ്പത്തിക വര്‍ഷത്തില്‍ 8,282 കോടിയായി ഉയര്‍ന്നിരുന്നു. 2021-22 ല്‍ 2,571.6 കോടി രൂപയായിരുന്നു വരുമാനം. കയറ്റുമതി വരുമാനവും ഇതേ കാലയളവില്‍ 22.55 കോടി രൂപയില്‍ നിന്ന് 3,081 കോടി രൂപയായി ഉയര്‍ന്നു.
ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്
യുദ്ധ ടാങ്കുകള്‍, ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍, പ്രതിരോധ ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡിന്റെ വരുമാനം 2021-22 ലെ 2,569.26 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4,986 കോടിയായി ഉയര്‍ന്നു. ടി72, ടി90, ബിഎംപി-11 എന്നീ മൂന്ന് പ്രധാന കോംബാറ്റ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമുകളിലും കമ്പനിക്ക് തദ്ദേശീയമായ എഞ്ചിനുകള്‍ ഉണ്ട്.
ഇന്ത്യ ഒപ്‌ടെല്‍ ലിമിറ്റഡ്
കര, നാവിക സേനകളുടെ പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള ഒപ്‌റ്റോഇലക്‌ട്രോണിക്, വിഷന്‍ സംവിധാനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ ഒപ്‌ടെല്‍ ലിമിറ്റഡിന്റെ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 562.12 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,541.38 കോടി രൂപയായി ഉയര്‍ന്നു. ഇരട്ടിയിലേറെ വരുമാന വര്‍ധനയാണ് കമ്പനി നേടിയിരിക്കുന്നത്.
മിനിരത്‌ന പദവി
മുന്‍കൂര്‍ ഗവണ്‍മെന്റ് അനുമതിയില്ലാതെ 500 കോടി വരെയുള്ള മൂലധന നിക്ഷേപം നടത്താനുള്ള അധികാരം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തന സ്വയംഭരണാവകാശം മിനിരത്‌ന പദവി ലഭിക്കുന്നതോടെ പൊതുമേഖലാ കമ്പനികള്‍ക്ക് കൈവരും. സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കാനും കൂടുതല്‍ സ്വതന്ത്രമായി സാങ്കേതിക പങ്കാളിത്തങ്ങള്‍ ഉണ്ടാക്കാനും ഇത് കമ്പനികളെ പ്രാപ്തമാക്കുന്നു.
നിലവില്‍ 73 കമ്പനികള്‍ക്കാണ് മിനിരത്‌ന പദവി നല്‍കിയിരിക്കുന്നത്. ഇവയില്‍ 63 കമ്പനികള്‍ കാറ്റഗറി1 ലും 12 കമ്പനികള്‍ കാറ്റഗറി2 ലും ആണ്. എംഐഎല്‍, എവിഎന്‍എല്‍, ഐഒഎല്‍ എന്നീ കമ്പനികളെ കാറ്റഗറി1 ലാണ് പെടുത്തിയിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷന്റെ (ഡിഡിപി) ഭരണ നിയന്ത്രണത്തിലാണ് മൂന്നു കമ്പനികളും.















