കൊൽക്കത്ത: പാകിസ്താനെതിരെ നടത്തിയ പരാമർശം മതനിന്ദയാണെന്ന് ആരോപിച്ച് നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. വിദ്യാർത്ഥിനിയും പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെയാണ് അറസ്റ്റ് ചെയ്തത്.
തന്റെ പോസ്റ്റിന് കമന്റിട്ട പാകിസ്താനിലെ സോഷ്യൽമീഡിയ ഉപയോക്താവിന് ശർമിഷ്ഠ നൽകിയ വിമർശനകരമായ മറുപടിയാണ് മമത പൊലീസിനെ ചൊടിപ്പിച്ചത്. പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ച് പറഞ്ഞതിനെതിരെയായിരുന്നു ശർമിഷ്ഠയുടെ മറുപടി. ഇത് മതനിന്ദയാണെന്ന് ആരോപിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ യുവതി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിരുന്നു. എന്നിട്ടും വിടാതെ വേട്ടയാടുകയായിരുന്നു മമത പൊലീസ്.
ഒരു മതസമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മമത പൊലീസ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. മമത സർക്കാരിന്റെ ദാർഷ്ട്യത്തെ ചോദ്യം ചെയ്ത് നടിയും ഹിമാചൽപ്രദേശിലെ മാണ്ഡി എംപിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നു.
പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് അദ്ധ്യക്ഷൻ സുവേന്ദു അധികാരിയും മമത സർക്കാരിന്റെ നടപടിയെ ശക്തമായി വിമർശിച്ചു. ഒരു വിഭാഗം ആളുകളുടെ വോട്ട് ലക്ഷ്യമിട്ട് അവരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമത സർക്കാർ നിയമവിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തതെന്ന് സുവേന്ദു അധികാരി വിമർശിച്ചു.















