മുംബൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. 46 വയസുള്ള ഭർത്താവ് ദിനേശ് അവാദിനെ പോലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ദിനേശ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അഗ്രച്ചിരുന്നു. എന്നാൽ വീട്ടുജോലിക്കാരിയായ യുവതി ജോലിക്ക് പോകാൻ വൈകിയതിനാൽ ഇത് വിസമ്മതിച്ചു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവതി ദേഷ്യത്തിൽ സ്വയം മണ്ണെണ്ണയെടുത്ത് ഒഴിക്കുകയായിരുന്നു. അവർ തീപ്പട്ടി കത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, ഇതുകണ്ട ദിനേശ് ഗ്യാസ് സ്റ്റൗവിൽ നിന്ന് ഒരു കടലാസ് കഷണം കത്തിച്ച് ഇവർക്ക് നേരെ എറിയുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അവാദിനെ അറസ്റ്റ് ചെയ്തതായി ആർസിഎഫ് പൊലീസ് പറഞ്ഞു.















