കൊൽക്കത്ത: മതനിന്ദ ആരോപിച്ച് നിയമവിദ്യാർത്ഥിനിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്ത ബംഗാൾ പൊലീസിനെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മുഖ്യമന്ത്രി മമത ബാനർജി സനാതന ധർമത്തെ അധിക്ഷേപിച്ചതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പവൻ കല്യാൺ വിമർശിച്ചത്. തൃണമൂൽ കോൺഗ്രസ് എംപിമാർ സനാതന ധർമത്തെ അവഹേളിച്ചപ്പോൾ ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയം നീറിയെന്നും പവൻ കല്യാൺ പങ്കുവച്ച കുറിപ്പിലൂടെ ഓർമിപ്പിച്ചു.
“വീഡിയോ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിട്ടും പശ്ചിമബംഗാൾ പൊലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തു. പക്ഷേ, സംസ്ഥാനത്തെ തൃണമൂൽ എംപിമാർ സനാതനധർമത്തെ അധിക്ഷേപിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികളെ അവർ വേദനിപ്പിക്കുന്നു. അവരുടെ ക്ഷമാപണം എവിടെ, അവരുടെ അറസ്റ്റ് എവിടെ. മതേതരത്വം ചിലർക്ക് പരിചയയും മറ്റുചിലർക്ക് വാളുമാകരുത്. പശ്ചിമ ബംഗാൾ പൊലീസും സർക്കാരും നീതിപൂർവ്വം പ്രവർത്തിക്കണമെന്നും” പവൻ കല്യാൺ കുറിച്ചു.
പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മമത സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ വിമർശിച്ചു. പവൻ കല്യാണിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു വിമർശനം. ചിലർ ഹൈന്ദവ ദേവതകളെ നശിപ്പിക്കുകയും രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലെറിയുമ്പോഴും കൊൽക്കത്ത പൊലീസ് എവിടെയാണെന്നും സുവേന്ദു അധികാരി ചോദിച്ചു.















