പാലക്കാട്: ശക്തമായ മഴയിൽ ദുരിതത്തിലായി പാലക്കാട്ടെ നെൽ കർഷകർ. ഒന്നാം വിള ഞാറ്റടി ഒരുക്കിയത് മഴ കൂടിയതോടെ നശിച്ചു എന്ന് കർഷകർ. മാത്രമല്ല രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക ജില്ലയിലെ ബഹുഭൂരിപക്ഷം കർഷകർക്കും ഇതുവരെ സർക്കാർ നൽകിയിട്ടില്ല. അതിനിടയ്‌ക്കാണ് മഴ കൂടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
കാലവർഷം നേരത്തെ എത്തിയതാണ് പാലക്കാട്ടെ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒന്നാം വിള കൃഷി വിതച്ചവർക്കും, ഞാറ് പാകിയവർക്കുമെല്ലാം വിത്ത് മുളക്കാതെ അഴുകി പോയ അവസ്ഥയാണ്. നെല്ലിന് പകരം കൂർക്ക ഉൾപ്പെടെ കൃഷിക്കായി നിലം ഒരുക്കിയതും കനത്ത മഴയിൽ ഒഴുകിപ്പോയി.
ഇനിയും നാൽപ്പതിനായിരത്തിലേറെ കർഷകർക്കാണ് സർക്കാർ രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക ലഭിക്കാനുള്ളത്. ഉഴവ കൂലി ഉൾപ്പെടെ സർക്കാർ നൽകുന്നില്ല മാത്രമല്ല കേന്ദ്രസർക്കാർ ക്വിൻ്റലിന് 69 രൂപ താങ്ങുവില വർദ്ധിപ്പിച്ചെങ്കിലും അതും സംസ്ഥാനം തങ്ങൾക്ക് നൽകുമോയെന്ന ആശങ്കയിലാണ് കർഷകർ.















