ഹോട്ടൽ മുറിയിലേക്ക് പഴം കൊണ്ടുവന്ന വിനോദ സഞ്ചാരിക്ക് 13,000 രൂപ പിഴ. സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. സിംഗപ്പൂരിലെത്തിയ ചൈനീസ് യുവതി റോഡരികിൽ നിന്ന് വാങ്ങിയ ദുരിയാൻ പഴമാണ് പിഴയീടാക്കാൻ കാരണം.
സുഹൃത്തിനൊപ്പം റോഡരികിൽ നിന്നുവാങ്ങിയ പഴം കഴിക്കാനായി യുവതി ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നിരുന്നു. യാത്രാമധ്യേ പഴത്തിന്റെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. മുറിയിലെത്തിയശേഷം അവർ പഴം കഴിച്ചു. എന്നാൽ വൈകുന്നേരം കാഴ്ചകൾ കണ്ട് തിരികെയെത്തിയപ്പോൾ ഹോട്ടൽ മുറിയിൽ പിഴ തുക എഴുതിയ രസീത് ലഭിച്ചുവെന്ന് യുവതി പറയുന്നു.
മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരിക്ക് ദുരിയാൻ പഴത്തിന്റെ രൂക്ഷഗന്ധമനുഭവപ്പെട്ടുവെന്നും അതിനാൽ ക്ലീനിംഗ് ഫീസായി 13,000 രൂപ ഇടക്കുമെന്നുമായിരുന്നു കുറിപ്പിൽ. പിന്നീടാണ് സിംഗപ്പൂരിൽ ദുരിയാൻ പഴം ഹോട്ടൽ മുറികളിൽ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് യുവതി മനസിലാക്കിയത്.















