തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. കബളിപ്പിക്കാൻ വേണ്ടി ചെയ്തതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ 24 നാണ് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം വന്നത് . രണ്ട് മണിക്കൂറിൽ പൊട്ടും എന്നും സന്ദേശത്തിലുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇത് വ്യാജ സന്ദേശമെന്ന് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തിന് ശേഷം ഇയാൾ ഫോൺ ഓഫ് ചെയ്ത് വെച്ചു. കഴിഞ്ഞ ഒരു മാസത്തെ കോൾ ലിസ്റ്റ് പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മുൻപ് തമ്പാനൂരിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് മനസിലാക്കി. പിന്നീട് ഇവിടെ നിന്നും പോയ ഇയാൾ ചെങ്ങന്നൂർ ഉൾപ്പെടെ പല ഹോട്ടലുകളിലും സപ്ലൈർ ആയി ജോലി നോക്കി.
ഏറ്റവും ഒടുവിൽ തമ്പാനൂരിൽ KSRTC സ്റ്റാൻഡിനു സമീപമത്തെ ഹോട്ടലിൽ ജോലിയ്‌ക്കെത്തി. മോശമായി പെരുമാറിയതിനു ഇയാളെ പുറത്താക്കുകയും ചെയ്തു. വ്യാജ ഭീഷണി മുഴക്കിയ ദിവസം ഈ ഹോട്ടിലിലെ ഒരു ജീവനക്കാരനെ വിളിച്ചിരുന്നു. ഈ ജീവനനക്കരനെ ഉപയോഗിച്ചാണ് പ്രതിയെ തമ്പാനൂരിലേയ്‌ക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. കൊച്ചി മെട്രോയിൽ ബോബ് വെച്ചെന്ന വ്യാജ സന്ദേശമയച്ചതും ഹരിലാലാണെന്ന് പൊലീസ് പറഞ്ഞു. ഇയാളക്കെതിരെ 5 കേസുകള്‍ നിലവിലുണ്ട്.















