2025 നോർവേ ഓപ്പണിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ്. ഗെയിമിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയിരുന്നെങ്കിലും അവസാന നിമിഷം കാൾസൺ വരുത്തിയ വലിയ പിഴവ് ഗുകേഷ് മുതലാക്കി. ക്ലാസിക്കൽ ചെസിൽ ഗുകേഷ് കാൾസണെതിരെ നേടുന്ന ആദ്യ ജയമാണിത്.
ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം കാൾസനൊപ്പമായിരുന്നു. വെള്ളക്കരുക്കളുമായാണ് ഗുകേഷ് കളിച്ചത്. ടൂർണമെന്റിന്റെ ഇൻക്രിമെന്റ് അടിസ്ഥാനമാക്കിയുള്ള സമയ നിയന്ത്രണത്തിന്റെ സമ്മർദത്തിൽ കാൾസൻ വരുത്തിയ പിഴവാണ് നിർണായകമായത്. ഗെയിമിൽ ഉടനീളം സമ്മർദം ഉയർന്നെങ്കിലും 19 കാരന്റെ സംയമനവും കൃത്യതയും അതിനാടകീയമായ വിജയത്തിന് വഴിയൊരുക്കി.
OH MY GOD 😳🤯😲 pic.twitter.com/QSbbrvQFkE
— Norway Chess (@NorwayChess) June 1, 2025
ഗുകേഷിന്റെ ക്ലാസിക്കൽ ഗെയിമിനെയും വർദ്ധിച്ചുവരുന്ന സമയ നിയന്ത്രണങ്ങൾക്കടിയിലും സംയമനം പാലിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ലോക ഒന്നാം നമ്പർ താരം പലപ്പോഴും വിമർശിച്ചിരുന്നതിനാൽ, തോൽവിയിൽ കാൾസൺ വളരെയധികം നിരാശനായി കാണപ്പെട്ടു. നിരാശയോടെ ബോർഡിൽ ആഞ്ഞടിച്ച ശേഷം, മത്സര വേദി വിട്ട് തിടുക്കത്തിൽ തന്റെ കാറിലേക്ക് ഓടിപ്പോകുന്ന കാൾസനെയാണ് കണ്ടത്. അതേസമയം ഗുകേഷ് ഏറെനേരം മാറിനിന്ന് തോൽവിയുടെ വക്കിൽ നിന്ന് നേടിയെടുത്ത വിജയ നിമിഷങ്ങൾ ഓർത്തുള്ള അത്ഭുതത്തിലായിരുന്നു.















