ന്യൂഡൽഹി: സിവിൽ വ്യോമയാന രംഗത്തെ ടർക്കിഷ് കമ്പനികളുടെ സാന്നിധ്യം ഒഴിവാക്കാൻ നടപടികളുമായി എയർ ഇന്ത്യയും. എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ, മെയിന്റനൻസ് റിപ്പയർ ഓവർഹോൾ സേവനങ്ങൾ നടത്തുന്നതിൽ നിന്നും ടർക്കിഷ് കമ്പനികളെ ഒഴിവാക്കും. എയർ ഇന്ത്യ സിഇഒ ക്യാമ്പൽ വിൽസൺ ആണ് ഇക്കാര്യം അറിയിച്ചത്. ടർക്കിഷ് കമ്പനിയിൽ നിന്നും ലീസിന് എടുത്ത ബോയിംഗ് 777 വിമാനം വിമാനങ്ങൾ തിരിച്ചേൽപ്പിക്കാൻ ഓഗസ്റ്റ് 31 വരെ ഡിജിസിഎ ഇൻഡിഗോയ്‌ക്ക് സമയം അനുവദിച്ചു . മെയ് 30നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്.
ടർക്കിഷ് കമ്പനിയായ സെലെബിയെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കാർഗോ വിഭാഗങ്ങളിൽ നിന്നും ഭാരതം വിലക്കിയിരുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ക്ലിയറൻസ് മെയ് 15ന് റദ്ദാക്കിയത്തിനു ശേഷമാണ് സെലബിയുടെ പ്രവർത്തനം നിലച്ചത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനെ അനുകൂല നിലപാട് ടർക്കി സ്വീകരിച്ചതിനെ തുടർന്നാണ് ടർക്കിഷ് കമ്പനികളെ സുപ്രധാന മേഖലകളിൽ നിന്നും ഒഴിവാക്കുന്നത്. സമാന നീക്കവുമായി എയർ ഇന്ത്യ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഭാരതത്തിനെതിരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഡ്രോണുകൾ പാകിസ്ഥാൻ നൽകിയത് ടർക്കിയാണെന്ന് തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടർക്കിഷ് കമ്പനികളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. വിമാനത്താവളങ്ങൾ പോലുള്ള തന്ത്ര പ്രധാന പ്രദേശങ്ങളിൽ ടർക്കിഷ് കമ്പനികളുടെ സാന്നിധ്യം സുരക്ഷാ വെല്ലുവിളി ഉയർത്തുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.















