തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് മരണത്തിൽ മഹാരാഷ്‌ട്രയ്‌ക്കൊപ്പം രാജ്യത്ത് ഒന്നാമതാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളതും കേരളത്തിലാണ്. 1,435 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 35 പേർക്ക് കൂടി കേരളത്തിൽ രോഗം സ്ഥിരീകരിച്ചു.
കേന്ദ്രം കണക്കുകൾ പുറത്തുവിടുമ്പോഴും ആരോഗ്യവകുപ്പ് മൗനത്തിലാണ്. മരണം സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവര ശേഖരണത്തിലടക്കം സംസ്ഥാനം വലിയ വീഴ്ച വരുത്തുന്നുണ്ടെന്നാണ് വിമർശനം. തുടർച്ചയായി മരണങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലും കേരളത്തിൽ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7ന് തീവ്രത കുറവെന്നാണ് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രി വിണാ ജോർജും പറയുന്നത്.















