ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്‌ത്തിയ തമിഴ് നടൻ കമൽ ഹാസന്റെ തഗ് ലൈഫ് എന്ന സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്ത കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നിയമപരമായ പിന്തുണ നൽകുമെന്ന് സംസ്ഥാന സർക്കാർ.
തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ഫിലിം ബോർഡ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമപരമായ സഹകരണം ഉറപ്പ് നൽകി എന്ന് കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴിൽ നിന്നാണ് കന്നഡ പിറന്നതെന്ന് വിവാദ പ്രസ്താവന നടത്തിയ കമൽഹാസൻ, ഒരു കാരണവശാലും മാപ്പ് പറയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതേച്ചൊല്ലി സംസ്ഥാനത്ത് ഇതിനകം തന്നെ പ്രതിഷേധങ്ങൾ വ്യാപകമായിട്ടുണ്ട്. സിനിമാ നിരോധനത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിച്ചു എന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കന്നഡ വിഷയത്തിൽ എല്ലാവരും ഉറച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നിയമപരമായ സഹകരണം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കമൽ ഹാസന്റെ തഗ് ലൈഫ് ജൂൺ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നു. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകത്തിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് നരസിംഹലു പ്രതികരിച്ചു. ഇന്ന് തീരുമാനം പ്രഖ്യാപിക്കേണ്ടിയിരുന്ന സിനിമാ വിതരണക്കാർ നാളെ വരെ സമയം ചോദിച്ചിട്ടുണ്ടെന്ന് നരസിംഹലു അറിയിച്ചു. വിദേശത്തേക്ക് പോയിരിക്കുന്ന കമൽഹാസൻ നാളെ ചെന്നൈയിൽ എത്തുന്നുണ്ട്, വിതരണക്കാർ കമൽഹാസനെ കാണും. തീരുമാനം പിന്നീട് അറിയിക്കാമെന്ന് വിതരണക്കാർ ഫിലിം ചേംബറിനെ അറിയിച്ചിട്ടുണ്ട്.















