ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കൗമാരക്കാരി പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽവച്ചാണ് പതിനേഴുകാരിയായ സന യൂസഫ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു. 4 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ഒരു പ്രശസ്ത കൊണ്ടെന്റ് ക്രിയേറ്ററാണ് സന.
സനയെ കാണാൻ വീട്ടിലെത്തിയ ബന്ധു തന്നെയാണ് യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. സനയ്‌ക്കുനേരെ ഒന്നിലധികം തവണ വെടിയുതിർത്ത ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെടിയുതിർക്കുന്നതിന് മുമ്പ് പ്രതിയും സനയുമായി വീടിന് പുറത്ത് വെച്ച് വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഒരു സാമൂഹിക പ്രവർത്തകന്റെ മകളായ സനയുടെ വീഡിയോകളിൽ കൂടുതലും ദൈനംദിന ജീവിതശൈലി, സംസ്കാരം, സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ബോധവൽക്കരണ വീഡിയോകൾ, യുവാക്കൾക്കുള്ള പ്രചോദനാത്മക ഉള്ളടക്കം എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരവധി പേർ യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. #JusticeForSanaYousuf പോലുള്ള ഹാഷ്‌ടാഗുകൾ ഇൻസ്റ്റാഗ്രാം, X പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ വർഷം ആദ്യം ടിക് ടോക്കിൽ സജീവമായതിന്റെ പേരിൽ പാകിസ്ഥാനിൽ ഒരാൾ തന്റെ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയിരുന്നു. മാത്രമല്ല 2012-ൽ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സംസാരിച്ചതിന് താലിബാൻ വെടിയുതിർത്ത മലാല യൂസഫ്‌സായിയുടെ അനുഭവങ്ങളും പാകിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ അടിവരയിടുന്നതാണ്.