18-ാം സീസണിൽ ഐപിഎല്ലിനൊരു പുതിയ ചാമ്പ്യനെ ലഭിക്കും. അത് ആരെന്ന് അറിയാൻ ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെ ആരാധകർ വലിയ പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ്. കിരീടത്തിന്റെ കാര്യത്തിൽ തുല്യ ദുഃഖിതരായ ടീമുകളാണ് നേർക്കുനേർ വരുന്നത്.
ക്വാളിഫയർ ഒന്നിൽ പഞ്ചാബിനെ മറികടന്നാണ് ബെംഗളൂരു കലാശ പോരിന് യോഗ്യത നേടിയത്. പഞ്ചാബാകട്ടെ കരുത്തരായ മുംബൈയെ അടിച്ചൊതുക്കിയതിന്റെ വീറുമായാണ് ഫൈനലിന് എത്തുന്നത്. ആർ.സി.ബിക്ക് മുന്നിൽ ചൂളിപോയ പഞ്ചാബിന്റെ ബാറ്റിംഗ് കരുത്ത് മുംബൈക്ക് മുന്നിൽ തലയുയർത്തിയിരുന്നു. സന്തുലിതമായ രണ്ടു ടീമുകൾ പോരാടുമ്പോൾ ആവേശം അത്യന്തമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വിജയി ആരാകുമെന്ന ചോദ്യത്തിൽ നിരവധി നിർമിത ബുദ്ധി പ്ലാറ്റ്ഫോമുകൾ നൽകിയ ഉത്തരം ഒരു ടീമിന്റെ പേരാണ്. X GROK– പ്രവച പ്രകാരം കിരീടം ഉയർത്താൻ ആർ.സി.ബിക്കാണ് മുൻതൂക്കം. ക്വാളിഫയർ ഒന്നിൽ പഞ്ചാബിനെതിരെ എട്ടുവിക്കറ്റിന്റെ ആധികാരിക വിജയമാണ് ബെംഗളൂരു നേടിയത്. Gemini ക്കും മറിച്ചൊരു അഭിപ്രായമില്ല. ലഭിക്കുന്ന ഡാറ്റകൾ വിലയിരുത്തിയ ശേഷം Geminiയും പറയുന്നത് ആർ.സി.ബിക്ക് തന്നെയാണ് മേൽക്കൈ എന്നു തന്നെയാണ്. ChatGPT ക്കും ബെംഗളൂരു തന്നെയാണ് പ്രിയം. പഞ്ചാബിൽ നിന്ന് കനത്ത വെല്ലുവിളി ഉയരുമെങ്കിലും ആർ.സി.ബി നേരിയ വിജയം നേടുമെന്നാണ് പ്രവചനം. അതേസമയം യാഥാർത്ഥ്യം ഈ പ്രവചനങ്ങളുമായി പൊരുത്തപ്പെടുമോ എന്ന് അറിയണമെങ്കിൽ മത്സരം പൂർത്തിയാകണം.