കൊച്ചി: ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്.
2009ൽ ഭർത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭർത്താവിന്റെ ബന്ധുക്കൾ ഇറക്കിവിടാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പാർപ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസ്സിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് കോടതി വിലയിരുത്തി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ ഭർതൃവീട്ടിൽ താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.















