പുതിയ അധ്യയന വർഷത്തിൽ കുട്ടികൾ എത്തിയില്ല പേരാമ്പ്ര ഗവൺമെന്റ് വെൽഫെയർ LP സ്കൂൾ അടച്ചു പൂട്ടി.സ്കൂളിൽ മുൻപുണ്ടായിരുന്ന മൂന്ന് കുട്ടികൾ മറ്റൊരു സ്കൂളിലേക്ക് ടിസി വാങ്ങി പോയത്തോടെയാണ് എല്ലാം സൗകര്യങ്ങളും ഉള്ള സ്കൂളിന് താഴിടേണ്ടി വന്നത്. സാംബ വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മറ്റ് ജാതിയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിതാക്കൾ ചേർക്കാൻ മടിച്ചതോടെയാണ് സ്കൂളിൽ കുട്ടികളുടെ കുറവ് വന്നത്.
പേരാമ്പ്രയിലെ വെല്‍ഫെയര്‍ സ്‌കൂളും നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കാത്തിരുന്നു. എന്നാല്‍ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ഒരു കുട്ടി പോലും എത്തിയില്ല. ഒന്നാം ക്ലാസിലെ നവാഗത വിദ്യാര്‍ത്ഥിയും എല്‍കെജിയിലെ മൂന്നുപേരുമടക്കം സ്കുളിൽ പഠിച്ചിരുന്നത് ആകെ 6 വിദ്യാര്‍ത്ഥികളായിരുന്നു. എന്നാൽ ഇവർ കൂടി ടിസി വാങ്ങി പോയതോടെയാണ് സ്കൂൾ അടച്ച് പൂട്ടേണ്ട അവസ്ഥ വന്നത്.
നാല് വർഷം മുമ്പ് സ്കൂളിൽ 21 വിദ്യാർത്ഥികളുണ്ടായിരുന്നു എന്നാൽ അതിനുശേഷം എണ്ണം കുറഞ്ഞു. ചെർമലയിലെ സാംബവ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്ഥപാനമായി സ്കൂൾ മാറി. ഇവിടെ മറ്റ് വിഭാഗത്തിലെ കുട്ടികളെ രക്ഷിതാക്കൾ ചേർക്കുന്നില്ലെന്ന ആരോപണവും ഉയർന്നു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കാൻ അദ്ധ്യാപകർ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ഫലം കണ്ടില്ലെന്നതാണ് വാസ്തവം.പാർക്ക്, ടൈൽ പാകിയ തറ, ഫാൻ ഉള്ള ക്ലാസ് മുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂളിൽ കുട്ടികൾ മാത്രമില്ല.















