തിരുവനന്തപുരം: കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളുമായി യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. തെന്നിന്ത്യൻ ചലച്ചിത്ര നടിയും ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായരുടെ
ഭാര്യയുമായ രാധ നായർ ഭദ്രദീപം കൊളുത്തിയാണ് അക്കാദമി ഉദ്ഘാടനം ചെയ്തത്.
ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്ത് കാൽനൂറ്റാണ്ട് നീണ്ട പ്രവർത്തന പരിചയവുമായാണ് ഉദയസമുദ്ര ഗ്രൂപ്പ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിലെ പുതുതലമുറ പ്രൊഫഷണൽ കോഴ്സുകളാണ് യുഡിഎസ് അക്കാദമി അവതരിപ്പിക്കുന്നത്.
100 ശതമാനം ജോലി ഗ്യാരന്റിയോടുകൂടി ആരംഭിക്കുന്ന പുതിയസ്ഥാപനം ഭാരതീയ പൈതൃകത്തിലൂന്നിയുള്ളതാകുമെന്ന് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ അറിയിച്ചു. വിദേശവിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ ആഗോള നിലവാരമുള്ള സ്ഥാപമായി അക്കാദമി മാറുമെന്നും ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ പറഞ്ഞു. ചെയർമാന്റെ ഭാര്യ രാധ നായരുടെ ജന്മദിനത്തിലാണ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ ചെങ്കൽ എസ്.രാജശേഖരൻ നായരുടെ കുടുംബാംഗങ്ങളും യുഡിഎസ് ഗ്രൂപ്പ് സിഇഒ സി രാജഗോപാൽ അയ്യർ, പൂവാർ ഐലൻഡ് റിസോർട്ട് എം.ഡി എസ്.നാരായണൻ, കോവളം സാഗര ബീച്ച് റിസോർട്ട് എം.ഡി എം.ശിശുപാലൻ, എസ്ബിഐ റിട്ട. ഫിനാൻസ് മാനേജർ ശിവശങ്കരപ്പിള്ള, കോവളം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മുൻ പ്രിൻസിപ്പൽ രാജശേഖർ, ചൊവ്വര ട്രാവൻകൂർ ഹെറിറ്റേജ് എം.ഡി ചാക്കോ പോൾ, എസ്ബിഐ ഓഫീസർ അസോസിയേഷൻ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി രാജേഷ്, ട്രാബോസ് സെക്രട്ടറി ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.















