ലക്നൗ: അയോദ്ധ്യയിൽ രാംദർബാറിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിസാണ് ചടങ്ങ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള മൂന്ന് ദിവസത്തെ പൂജകൾ ഇന്നലെ ആരംഭിച്ചു.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉപദേവതകളുടെ പ്രതിഷ്ഠയും നാളെ നടക്കും. ചടങ്ങുകളുടെ ഭാഗമായി ഉത്സവത്തിന്റെ ആഘോഷലഹരിയിലാണ് രാമജന്മഭൂമി. ക്ഷേത്രവും പരിസരങ്ങളും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആയിരക്കണക്കിന് ശ്രീരാമ ഭക്തർ അയോദ്ധ്യയിൽ എത്തിച്ചേരുന്നുണ്ട്.
സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ സ്വാമികൾ ഉൾപ്പെടുന്നതാണ് രാംദർബാർ. യോഗി ആദിത്യനാഥിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി സരയൂനദിക്കരയിലും ഭക്തർ അണിനിരന്നു.
ഈ വർഷാവസാനത്തോടെ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്വർണ താഴികക്കുടം സ്ഥാപിച്ചിരുന്നു. രാം മന്ദിർ ട്രസ്റ്റാണ് വിശുദ്ധി, സമൃദ്ധി, ഭക്തി എന്നിവയെ പ്രതീകപ്പെടുത്തുന്ന സുവർണ താഴികക്കുടങ്ങൾ സ്ഥാപിച്ചത്.















