ബ്രിട്ടനിലെ സാൻഡ്രിംഗ്ഹാമിൽ വേട്ടയാടാൻ പക്ഷികളില്ലാത്തതിൽ ചാൾസ് രാജാവ് രോഷാകുലനാണെന്ന് റിപ്പോർട്ട്. രാജകുടുംബത്തിന്റെ നോർഫോക്ക് എസ്റ്റേറ്റിൽ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇതിൽ അസന്തുഷ്ടനായ ബ്രിട്ടീഷ് രാജാവ് എസ്റ്റേറ്റിലെ ജോലിക്കാരനെ പുറത്താക്കിയെന്നുമാണ് റിപ്പോർട്ട്.
തന്റെ വേട്ടയാടൽ തടസപ്പെട്ടതോടെ കോപാകുലനായ ചാൾസ് മൂന്നാമൻ സാൻഡ്രിംഗ്ഹാമിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചിരുന്ന ഒരു ഗെയിം കീപ്പറെ പുറത്താക്കി. എല്ലാ വർഷവും രാജകുടുംബം സാൻഡ്രിംഗ്ഹാമിൽ നടക്കുന്ന പരമ്പരാഗത ബോക്സിംഗ് ഡേ ഷൂട്ടിൽ പങ്കെടുക്കാറുണ്ട് – എന്നാൽ ഈ വർഷം ഷൂട്ടിംഗ് പാർട്ടി റദ്ദാക്കുമെന്ന് ചാൾസ് രാജാവ് ഭീഷണിപ്പെടുത്തിഎന്നും റിപ്പോർട്ടുകളുണ്ട്.
ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാൻഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതികളിൽ ഒന്നായാണ് ഇത് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. സാൻഡ്രിംഗ്ഹാമിലെ രാജകുടുംബത്തിന്റെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമാണ് വേട്ടയാടൽ. പ്രത്യേകിച്ച് ഫെസന്റ് (pheasants) എന്ന പ്രത്യേകയിനം പക്ഷികളെ വേട്ടയാടുന്നത് ബ്രിട്ടീഷ് പ്രഭുക്കന്മാർക്കിടയിൽ ഒരു പരമ്പരാഗത ശൈത്യകാല വിനോദമാണ്. പതിറ്റാണ്ടുകളായി സാൻഡ്രിംഗ്ഹാം നിരവധി രാജകീയ വേട്ട പാർട്ടികൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.















