ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജസ്ബീർ സിംഗിന് നേരത്തെ അറസ്റ്റിലായ പാക് ചാര ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ജസ്ബീർ സിംഗിന് പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. ഇയാൾ പല തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനും ജ്യോതി മൽഹോത്രയുടെ ആൺസുഹൃത്തുമായ ഡാനിഷുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ജ്യോതി മൽഹോത്രയ്‌ക്കും ഡാനിഷിനുമൊപ്പം നിൽക്കുന്ന ജസ്ബീർ സിംഗിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാകിസ്ഥാന്റെ ദേശീയദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തിരുന്നുവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പരിപാടിയിൽ ജ്യോതിയും പങ്കെടുത്തിരിന്നുവെന്നും അവിടെ വച്ച് ഇരുവരും പാക് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഡാനിഷിന്റെ ക്ഷണപ്രകാരമാണ് ഇരുവരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
ജ്യോതി മൽഹോത്രയുടെ അറസ്റ്റിന് പിന്നാലെ താൻ കുടുങ്ങുമെന്ന് അറിഞ്ഞതോടെ പാക് ഉദ്യോഗസ്ഥരുമായി നടത്തിയ ചാറ്റുകൾ ഡിലീറ്റ് ചെയ്യാനും ഇയാൾ ശ്രമിച്ചതായി തെളിഞ്ഞു. ജസ്ബീർ മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു.















