ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകളും സംഘര്‍ഷവും വര്‍ധിക്കുന്നതിനിടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് സര്‍ണം 10 ഗ്രാമിന് (തോല ബാര്‍) 260 രൂപ ഉയര്‍ന്ന് 99,260 രൂപയിലെത്തി. 99.5% പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ വില എല്ലാ നികുതികളും ഉള്‍പ്പെടെ 10 ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 98,700 രൂപയിലെത്തി.
യുഎസ്-ചൈന താരിഫ് യുദ്ധം, ആഗോള താരിഫ് ആശങ്കകള്‍, ഇസ്രയേല്‍-പാലസ്തീന്‍-ഇറാന്‍ സംഘര്‍ഷം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന ആഗോള അനിശ്ചിതാവസ്ഥകള്‍.
‘വ്യാപാരവുമായി ബന്ധപ്പെട്ട നിരന്തരമായ അനിശ്ചിതത്വങ്ങള്‍, സാമ്പത്തിക ആശങ്കകള്‍, ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ എന്നിവ കാരണം ബുധനാഴ്ച സ്വര്‍ണ്ണം നേരിയ പോസിറ്റീവ് പ്രവണത കാണിച്ചു,’ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റീസ് അനലിസ്റ്റ് സൗമില്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലും വില കൂടി
കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. പവന് 80 രൂപ ഉയര്‍ന്ന് 72,720 രൂപയിലെത്തി.
കേന്ദ്ര ബാങ്കുകള്‍ വാങ്ങല്‍ തുടരുന്നു
ഏപ്രിലിലെ ഡാറ്റ പ്രകാരം, കേന്ദ്ര ബാങ്കുകള്‍ ആഗോള കരുതല്‍ ശേഖരത്തിലേക്ക് 12 ടണ്‍ സ്വര്‍ണം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇതില്‍ 12% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് തുടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്വര്‍ണ്ണത്തിന്റെ ദീര്‍ഘകാല ആവശ്യകതയെ ശക്തിപ്പെടുത്തുമെന്നും സൗമില്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
വെള്ളിയും മുന്നോട്ട്
വെള്ളി വിലയിലും കുത്തനെ വര്‍ധനവ് ദൃശ്യമാണ്. കഴിഞ്ഞ സെഷനില്‍ കിലോയ്‌ക്ക് 1,00,200 രൂപയില്‍ നിന്ന് 1,900 രൂപ ഉയര്‍ന്ന് 1,02,100 രൂപയായി. നികുതികള്‍ ഉള്‍പ്പെടെയുള്ള നിരക്കാണിത്.