മുംബൈ: ശക്തമായ പോസിറ്റീവ് വികാരത്തിന്റെ പിന്‍ബലത്തില്‍ 15 ശതമാനത്തോളം കുതിച്ച് റെയില്‍വേ ഓഹരികള്‍. ബുധനാഴ്ച, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്മാക്കോ റെയില്‍, ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ടിറ്റഗഡ് തുടങ്ങിയ റെയില്‍വേ കമ്പനികളുടെ ഓഹരി വിലയാണ് 15% വരെ ഉയര്‍ന്നത്. സമീപകാലത്ത് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡറുകളാണ് മേഖലയില്‍ അനുകൂല വികാരം സൃഷ്ടിച്ചിരിക്കുന്നത്.
ഇര്‍കോണ്‍
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്ന് 1,068.3 കോടി രൂപയുടെ എഞ്ചിനീയറിംഗ്, സംഭരണ, നിര്‍മ്മാണ (ഇപിസി) ഓര്‍ഡര്‍ അടുത്തിടെ ലഭിച്ച ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വ്യാപാരം അവസാനിച്ചപ്പോള്‍ 14% ഉയര്‍ന്ന് 221.10 രൂപയിലെത്തി ഇര്‍കോണ്‍. വിപണി മൂലധനം 20,719 കോടി രൂപയായി ഉയര്‍ന്നു.
റെയില്‍ടെല്‍
റെയില്‍ടെല്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ 13 ശതമാനം ഉയര്‍ന്ന് 449.20 രൂപയായി. കമ്പനിയുടെ വിപണി മൂലധനം 14,195 കോടി രൂപയായി വര്‍ധിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റെയില്‍ടെല്ലിന്റെ ഭൂമിയില്‍ ഘട്ടം ഘട്ടമായി 10 മെഗാവാട്ട് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനായി ടെക്‌നോ ഇലക്ട്രിക് & എഞ്ചിനീയറിംഗ് കമ്പനി അടുത്തിടെ റെയില്‍ടെലിനെ പങ്കാളിയായി തിരഞ്ഞെടുത്തു. ഐടി അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് റെയില്‍ടെല്‍.
ടെക്‌സ്മാകോ, ആര്‍വിഎന്‍എല്‍
ടെക്‌സ്മാകോ റെയില്‍ & എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്ന് 175.40 രൂപയായി. കമ്പനിയുടെ വിപണി മൂലധനം 6890.91 കോടി രൂപയായി ഉയര്‍ന്നു. റെയില്‍ വികാസ് നിഗത്തിന്റെ (ആര്‍വിഎന്‍എല്‍) ഓഹരികള്‍ ഏകദേശം 8 ശതമാനം ഉയര്‍ന്ന് 434.70 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂലധനം 89,635 കോടി രൂപയായി.
ഐആര്‍എഫ്‌സി, ഐആര്‍സിടിസി
ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പ് (ഐആര്‍എഫ്‌സി), ടിറ്റഗഡ് റെയില്‍ സിസ്റ്റംസ്, കോണ്‍കോര്‍ തുടങ്ങിയ റെയില്‍വേ അനുബന്ധ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഏകദേശം 3 ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഇഎംഎല്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) എന്നിവയുടെ ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു.
ബ്രേക്ക് ഔട്ട്
സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയ്‌ക്ക് പുറമേ, സാങ്കേതിക കാരണങ്ങളാണ് റാലിക്ക് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. റെയില്‍വേ ഓഹരികളില്‍ ഭൂരിഭാഗവും ദീര്‍ഘകാലത്തെ കണ്‍സോളിഡേഷന് ശേഷം ബ്രേക്ക് ഔട്ട് ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറ്റമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നാല് പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.4 ശതമാനത്തിലെത്തിയെന്ന റിപ്പോര്‍ട്ടും നിക്ഷേപകരുടെ താല്‍പ്പര്യം ഉയര്‍ത്തിയിട്ടുണ്ട്.















