ബെംഗളൂരു : റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്ന് പേർ മരിച്ചത് ആളുകളുടെ അശ്രദ്ധമൂലമെന്ന് ദൃക്സാക്ഷികൾ. സ്റ്റേഡിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.18 വർഷങ്ങൾക്ക് ശേഷമുള്ള ആർസിബിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അകത്തേക്ക് കയറാൻ ശ്രമിച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
യുവാക്കൾ കൂറ്റൻ മരങ്ങളിലും കൊമ്പുകളിലും അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുകയും തൂണുകളിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുകയും ചെയ്തു. ചിലർ മതിലുകൾ ചാടിക്കയറി. പൊലീസിനോ സംഘാടകർക്കോ ഇവരെ പിന്തിരിപ്പാൻ കഴിഞ്ഞില്ല. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ജനക്കൂട്ടം വർദ്ധിക്കാൻ തുടങ്ങുകയായിരുന്നു.
താരങ്ങളെ കാണാനുള്ള യുവാക്കളുടെ ആഹ്ലാദപ്രകടനവും ആവേശവും അതിരുവിട്ടതോടെയാണ് തിരക്ക് അനിയന്ത്രിതമായി ഉയർന്നത്. പിന്നാലെ നിലവിളികൾ ഉയർന്നു. ജനങ്ങൾ വീണ്ടും തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പലരും നിലത്ത് വീണു. ഇതൊന്നും ശ്രദ്ധിക്കാതെ ഇവരെ ചവിട്ടിക്കൊണ്ട് ആളുകൾ സ്റ്റേഡിയത്തിന് അകത്തേക്ക് കയറി. ഇതിനിടെ ചിലർക്ക് ബോധം നഷ്ടപ്പെട്ടു. ഒരേസമയം 600, 700 പേർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിനെ സ്ഥലത്ത് കണ്ടില്ലായിരുന്നു. ശ്വാസമുട്ടിക്കുന്ന തരത്തിലായിരുന്നു തിരക്ക്. എന്റെ കൺമുന്നിൽ വച്ചാണ് മൂന്ന്, നാല് പേർ നിലത്ത് വീണ് മരിച്ചതെന്നും അവർ പ്രതികരിച്ചു.
പൊലീസ് സന്നാഹങ്ങൾ എത്തിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ ആരാധകർ മതിലുകൾ ചാടിക്കടക്കാൻ ശ്രമിച്ചു. സ്റ്റേഡിയത്തിന് പുറത്തും അകത്തുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ലെന്നും ആളുകൾ പറയുന്നു.