ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
ക്ഷേത്ര ഉത്സവത്തിനിടെ ആന ചവിട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ കുടുംബത്തിന് ഒൻപത് ലക്ഷത്തോളം രൂപ ആന ഉടമയും പാപ്പാന്മാരും നൽകണമെന്ന ഉത്തരവിലാണ് നേരത്തെ ഡിവിഷൻ ബെഞ്ച് ഇറക്കിയ ഉത്തരവ് ബാധകമാക്കിയുള്ള സിംഗിൾ ബെഞ്ച് വിധി.
2008 ൽ കോട്ടയത്തെ കുറ്റിക്കാട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.ആന ചവിട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റയാൾ ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷമാണ് മരണമടഞ്ഞത് .ആനയുടെ ചവിട്ടേറ്റതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്നതിന്റെ അടിസ്ഥാനത്തിൽ കീഴ്‌ക്കോടതി പത്ത് ലക്ഷത്തോളം രൂപ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ചു. എന്നാൽ മദ്യപിച്ചൊരാൾ പ്രകോപനമുണ്ടാക്കിയതാണ് ആന ഇടയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി ആന ഉടമ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
അപ്പീൽ തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാനുൾപ്പെടെയുള്ളവർക്കുമാണെന്ന ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് ബാധകമാണെന്നു വിധിച്ചിരിക്കുകയാണ് .ആന ഉടമയ്‌ക്കും പാപ്പാനും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും ഹൈക്കോടതി എടുത്തു പറഞ്ഞു. ഒരു ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയും ,ബാക്കി തുക ആന ഉടമയും പാപ്പാന്മാരുമാണ് നൽകേണ്ടത്.കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി തുകയിൽ മാറ്റം വരുത്താനാകില്ലെന്നും നിലപാടെടുത്തു.