കഴിഞ്ഞ ദിവസമാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഭാരത്‌ജെന്‍ ലോകത്തിന് മുമ്പില്‍ ഔപചാരികമായി അവതരിപ്പിച്ചത്. ഇതുവരെ രാജ്യം വികസിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ തീര്‍ത്തും തദ്ദേശീയമായ കൃത്രിമ ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത ചാറ്റ്‌ബോട്ടാണിത്. ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടിയെന്നും പറയാം.
ഭാരതസര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മള്‍ട്ടിമോഡല്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആണ് ഭാരത്‌ജെന്‍. എന്നാല്‍ പ്രാദേശിക ഭാഷകളെ ഫോക്കസ് ചെയ്തുള്ള സംവിധാനമാണെന്നതാണ് ശ്രദ്ധേയം. നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസിന് കീഴിലാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ടിഐഎച്ച് ഫൗണ്ടേഷനും ഐഐടി ബോംബെയും സഹകിച്ചാണ് പദ്ധതി നടപ്പാക്കിയത്.
22 ഇന്ത്യന്‍ ഭാഷകളില്‍ തടസമില്ലാത്ത എഐ സേവനങ്ങള്‍ നല്‍കാന്‍ ഭാരത് ജെന്നിന് സാധിക്കും. ടെക്സ്റ്റ്, ശബ്ദം, ഇമേജ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം.
ഭാരതത്തിന്റെ എഐ കുതിപ്പില്‍ സുപ്രധാന ഏടായി ഭാരത് ജെന്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ എല്‍എല്‍എമ്മുകള്‍ ഇംഗ്ലീഷ് ടെക്സ്റ്റിനായാണ് വികസിപ്പിക്കുന്നതും പരിശീലിപ്പിക്കപ്പെടുന്നതും. എന്നാല്‍ ഭാരതത്തിന്റെ ചാറ്റ് ജിപിടിക്ക് 22 ഭാഷകളിലാണ് പരിശീലനം ലഭിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊരു ബൃഹത്തായ എഐ പദ്ധതിയില്ല എന്നതാണ് വാസ്തവം.
വിപ്ലവാത്മകമായ കുതിപ്പാണ് എഐ ടെക്‌നോളജി വിവിധ മേഖലകളില്‍ സൃഷ്ടിക്കുന്നത്. ജനറേറ്റീവ് എഐയും പല രംഗങ്ങളെയും മാറ്റി മറിച്ചു. എന്നാല്‍ നൂറുകണക്കിന് ഭാഷകളും 1.4 ബില്യണ്‍ ജനങ്ങളുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഐയുടെ പ്രാദേശിക, ജനാധിപത്യവല്‍ക്കരണം അനിവാര്യമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കത്തവരിലേക്കും എഐയുടെ ഗുണങ്ങള്‍ എത്തണമെങ്കില്‍ പ്രാദേശിക ഭാഷകളില്‍ ട്രെയ്ന്‍ ചെയ്‌തെടുത്ത കുറ്റമറ്റ എഐ സങ്കേതങ്ങള്‍ വേണ്ടതുണ്ട്. അതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഭാരത്‌ജെന്‍.
വിവിധ ഭാഷകളിലെ പല തലങ്ങളിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനുള്ള ശേഷി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡാറ്റ സെറ്റുകള്‍, ഓപ്പണ്‍ സോഴ്‌സ് ഫ്രെയിംവര്‍ക്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഭാരത്‌ജെന്നിന്റെ മാത്രം സവിശേഷതയാണ്. എല്ലാ ഇന്ത്യക്കാരിലേക്കും എഐ എത്തിക്കുകയെന്ന കേന്ദ്ര പദ്ധതിയുടെ പ്രായോഗികവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കാര്യമുണ്ടെന്നാണ് വിപണിയും കരുതുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തോതില്‍ ഭാരത്‌ജെന്‍ ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു.















