കൊച്ചി: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മതഭീകരവാദിയെന്ന് എൻ ഐ എ. ‘കാഫിറു’കളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം.
രക്തരൂക്ഷിത ‘ജിഹാദി’ ന് ഷാരൂഖ് ശ്രമിച്ചെന്നും തീവ്ര ഇസ്ലാം മത പ്രചാരകരെ പിന്തുടർന്നിരുന്നുവെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഷാരൂഖിന്റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ജാമ്യാപേക്ഷ കൊച്ചി എൻ എ കോടതി തള്ളി.
തീവ്ര മത ചിന്താഗതിക്കാരനായിരുന്ന ഷാരുഖ് സെയ്ഫി അവിശ്വാസികളെ കൊന്നത് പാപമോചനത്തിനായാണ്. വിദ്വേഷമത പ്രാസംഗികൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ ഷാരൂഖ് നിരന്തരം പിന്തുടർന്നിരുന്നു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ സൈബർ ഫോറൻസിക് പരിശോധന ഫലത്തിലായിരുന്നു ഭീകര ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് വ്യക്തമാക്കുന്നത്.
കടുത്ത മതഭീകരവാദിയായ ഷാരൂഖ് തന്റെ വിശ്വാസങ്ങൾ പിന്തുടരാത്തവരെയെല്ലാം കാഫിറുകളായാണ് കണ്ടത്. കാഫിളുകളെ കൊന്നൊടുക്കുകയും, രക്തരൂക്ഷിത ജിഹാദുമാണ് ഷാരൂഖ് സെയ്ഫി പദ്ധതിയിട്ടത്. കാഫിറുകളുടെ ഉന്മൂലനവും, രക്തരൂക്ഷിത കലാപവുമെല്ലാം ആലോചിച്ചിരുന്ന പ്രതി സത്യവിശ്വവിശ്വാസിയായാണ്
സ്വയം കരുതിയത്.
ഡൽഹി ഷെഹീൻ ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് കേസിലെ പ്രതി. എൻഐഎ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ നീളുകയാണെന്നും, ജാമ്യം നൽകണമെന്നും ആവശ്യപ്പെടുള്ള പ്രതി കോടതിയെ സമീപിച്ചത്.
2023 സെപ്റ്റംബറിലായിരുന്നു എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. 2023 ഏപ്രിൽ 2 നാണ് ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് കമ്പാർട്ടുമെൻ്റിൽ കടന്നുകയറി ഷാരൂഖ് സെയ്ഫി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവച്ചത്. ട്രയിനിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 3 പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.