തിരുവനന്തപുരം: ഭാരതത്തോട് തന്നെ അസഹിഷ്ണുതയുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതവർഗീയ ശക്തികളെ തൃപ്തിപ്പെടുത്താനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ഭാരതാംബയുടെ ചിത്രം വയ്‌ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അവർ തെളിയിക്കട്ടെയെന്നും ആർ വി ബാബു ജനംടിവിയോട് പറഞ്ഞു.
“ഭാരതം എന്ന പേര് ഉപയോഗിച്ചതിന് എന്തെല്ലാം വിവാദങ്ങളാണ് ഇവിടെ ഉണ്ടായത്. ഭാരതം എന്ന പേര് വർഗീയമാണ്, സംഘപരിവാർ അജണ്ടയാണ് എന്നൊക്കെയല്ലേ അവർ പറഞ്ഞിരുന്നത്. അത്തരക്കാർ ഭാരതാംബയോട് അസഹിഷ്ണുത കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. നാടിന്റെ സംസ്കാരികമായ പൈതൃകങ്ങളോട് എതിർപ്പുള്ളവരാണ് ഇവർ. അവർക്ക് വന്ദേഭാരതം എന്ന രാഷ്ട്രഗീതത്തോട് പോലും എതിർപ്പുണ്ട്. ശ്രീരാമനെയും ആരാധകരെയും അവർ എതിർക്കുന്നു”.
ഭാരതാംബ എന്ന് പറയുന്നത് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര കാലം മുതൽ നമ്മുടെ നാടിന്റെ വൈകാരികമായ ഒരു ബിംബമാണ്. മതവർഗീയ ശക്തികളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവരാണ് പഹൽഗാം ഭീകരാക്രമണത്തെ പോലും പിന്തുണയ്‌ക്കുന്നത്. ഇസ്രായേലിനെ എതിർക്കുന്നതും പാലസ്തീനെ പിന്തുണയ്‌ക്കുന്നതും അത്തരക്കാരാണെന്നും ആർ വി ബാബു പറഞ്ഞു.















