തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന്റെ പേരിൽ രാജ്ഭവനിൽ നടന്ന പരിപാടിയിൽ നിന്നും കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്ന വിഷയം കൂടുതൽ രൂക്ഷമാക്കി സിപിഎം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ തീവ്ര മുസ്ലീം വോട്ടുകൾ നേടാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പലസ്തീൻ അനുകൂല പ്രചാരണം നടത്തിയതിന് സമാനമാണിത്.
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ കഴിയില്ലെന്ന സംസ്ഥാന മന്ത്രിയുടെ നിലപാട് വെറും പ്രത്യയശാസ്ത്ര വിരുദ്ധത മാത്രമെന്ന് കണ്ട് തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുകൾ വിവാദത്തിന്റെ തുടക്കം മുതൽ തന്നെ വന്നിരുന്നു. വിലയിരുത്തലുകൾ ശരിവയ്‌ക്കുന്ന രീതിയിലുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് ഇടതുമുന്നണി. രാഷ്‌ട്രവിരുദ്ധ നിലപാട് ആവർത്തിച്ച് നിലമ്പൂരിലെ തീവ്ര മുസ്ലീം വോട്ടുകളാകർഷിക്കുകയാണ് ലക്ഷ്യം.
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ, ആർട്ടിക്കിൾ 370 റദ്ദാക്കിയത് എകീകൃത വ്യക്തി നിയമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സിപിഎം പ്രചാരണം നടത്തിയിരുന്നു. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു തീവ്ര മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ടുള്ള അന്നത്തെ പ്രചാരണം. സമാനമായ രീതിയിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും പ്രചാരണം നടത്താനാണ് നീക്കം. ഹിന്ദുത്വ രാഷ്‌ട്രീയത്തെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്നത് തങ്ങളെന്ന ചർച്ച സൃഷ്ടിക്കാനാണ് സിപിഎമ്മും എൽഡിഎഫും ലക്ഷ്യമിടുന്നത്. അതിലൂടെ നിലമ്പൂരിലെ മുസ്ലീം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാമെന്നും മുന്നണി കണക്ക് കൂട്ടുന്നു.