ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനിടെ റിപ്പോ നിരക്ക് ഗണ്യമായി വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബിപിഎസ് പോയന്റ് (അര ശതമാനം) കുറച്ച് 5.5 ശതമാനത്തിലേക്കാണ് എത്തിച്ചത്. ഭവന, വാഹന, വ്യക്തിഗത വായ്പകളടക്കം വിവിധ വായ്പകളുടെ പലിശ നിരക്ക് ഇതോടെ കുറയും. വായ്പകള്‍ കൂട്ടി വിപണിയിലെ പണമൊഴുക്ക് വര്‍ധിപ്പിക്കാനും അതിലൂടെ ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ആര്‍ബിഐയുടെ നീക്കം. നിലവില്‍ ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസവും വായ്പകളെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച അവസരവും നല്‍കുന്നതാണ് കേന്ദ്ര ബാങ്കിന്റെ നടപടി.
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ധന നയ സമിതിയാണ് (എംപിസി) മൂന്ന് ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷം റിപ്പോ നിരക്ക് കുറയ്‌ക്കാനുള്ള തീരുമാനമെടുത്തത്.
വായ്പാ നിരക്കുകള്‍ കുറയും
നിലവിലെ നിരക്കായ 6 ശതമാനത്തില്‍ നിന്നാണ് റിപ്പോ നിരക്ക് 5.5% ലേക്ക് താഴ്‌ത്തിയത്. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്‌ക്കുന്നത്. ഏപ്രിലില്‍ ചേര്‍ന്ന ധന നയ സമിതി യോഗം റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയിരുന്നത്.
ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശ നിരക്കാണ് റിപ്പോ. ബാങ്കുകള്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറിയാല്‍ ഭവന, വ്യക്തിഗത വായ്പകളുടെ നിരക്കും കുറയും. വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പകള്‍, കാര്‍ഷിക വായ്പകള്‍ എന്നിവയും കുറഞ്ഞ നിരക്കില്‍ ലഭിക്കും.
റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവാണ് ഇത്തവണയും സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 50 ബേസിസ് പോയിന്റ് താഴ്‌ത്തി ആര്‍ബിഐ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയെന്നതാണ് വാസ്തവം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന വിലയിരുത്തപ്പെടുന്നു.
കരുതല്‍ ധനാനുപാതം കുറച്ചു
സിആര്‍ആര്‍ നിരക്ക് അഥവാ കരുതല്‍ ധനാനുപാതം 4 ശതമാനത്തില്‍ നിന്ന് 3 ശതമാനത്തിലേക്ക് കുറയ്‌ക്കാനും ആര്‍ബിഐ തീരുമാനിച്ചു. ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനമാണിത്. സിആര്‍ആര്‍ നിരക്ക് കുറക്കുന്നതോടെ 2.5 ലക്ഷം കോടി രൂപയോളം ബാങ്കുകള്‍ക്ക് അധികമായി ബിസിനസ് ചെയ്യാന്‍ ലഭിക്കും. വായ്പകളും മറ്റും നല്‍കാന്‍ ഇതോടെ കൂടുതല്‍ തുക ബാങ്കുകളുടെ കൈവശമെത്തും. നാല് തവണകളായാണ് സിആര്‍ആറില്‍ 100 ബേസിസ് പോയന്റ് കുറവ് വരുത്തുക.
ജാഗ്രതയോടെയുള്ള സമീപനം
നയ സമീപനം അക്കൊമഡേറ്റീവില്‍ നിന്ന് ന്യൂട്രല്‍ ആയി മാറ്റിയതും ശ്രദ്ധേയമായി. വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്ന നയ സമീപനമാണ് അക്കൊമഡേറ്റീവ്. അതേസമയം ന്യൂട്രല്‍ നയം ജാഗ്രതയെ സൂചിപ്പിക്കുന്നു. റിപ്പോ നിരക്ക് അര ശതമാനം കുറച്ചതോടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാന്‍ നിരക്കുകള്‍ കൂടുതല്‍ താഴ്‌ത്താനുള്ള സാധ്യത ഇനി പരിമിതമാണെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ജാഗ്രതയോടെ സാമ്പത്തിക സ്ഥിതിയും പണപ്പെരുപ്പവും നിരീക്ഷിച്ച ശേഷമാവും ആവശ്യമെങ്കില്‍ നിരക്കുകള്‍ ഇനി താഴ്‌ത്തുക.
ജിഡിപിയും പണപ്പെരുപ്പവും
പണപ്പെരുപ്പം ഏപ്രിലില്‍ 3.2 ശതമാനത്തിലേക്ക് കുറഞ്ഞതും 2025-26 ല്‍ ജിഡിപി 6.5 വരെ വളരുമെന്ന പ്രതീക്ഷയും റിപ്പോ നിരക്കും സിആര്‍ആറും കുറയ്‌ക്കാനുള്ള ധീരമായ തീരുമാനമെടുക്കാന്‍ ആര്‍ബിഐയെ സഹായിച്ചു.
2025-26 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ ട്രാക്കില്‍ തുടരുമെന്നാ ആര്‍ബിഐ വിലയിരുത്തുന്നത്. ഗ്രാമീണ, നഗര മേഖലകളില്‍ ഉപഭോക്തൃ ആവശ്യകത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കോര്‍പ്പറേറ്റ് മേഖലയിലെ മെച്ചപ്പെട്ട മാനേജ്‌മെന്റ്, സര്‍ക്കാര്‍ ചെലവിടലുകള്‍ എന്നിവ നിക്ഷേപം ഉയര്‍ത്തും. വ്യാപാര അനിശ്ചിതത്വം കയറ്റുമതിയെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായി തുടരുമ്പോള്‍ യുകെയുമായുള്ള എഫ്ടിഎ ഉള്‍പ്പെടെയുള്ള വ്യാപാര കരാറുകളിലെ സമീപകാല പുരോഗതി ഒരു പോസിറ്റീവ് സൂചനയാണ്.
നല്ല മണ്‍സൂണ്‍ കാര്‍ഷിക മേഖലയെ ശക്തമായ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. 2025-26 ല്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമാനമായി കുറച്ചിട്ടുണ്ട്.















