ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെത്തുടർന്ന് ഇന്ത്യയുടെ തദ്ദേശീയ ഡി4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഡി4 പ്രതിരോധ സംവിധാനം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.
പാകിസ്ഥാൻ വിക്ഷേപിച്ച തുർക്കി ഡ്രോണുകളുടെ കൂട്ടത്തെ നിർവീര്യമാക്കുന്നതിനായി ഇന്ത്യൻ സായുധ സേന D4 ആന്റി-ഡ്രോൺ സംവിധാനം വിജയകരമായി വിന്യസിച്ചു. ഇതിന്റെ തുടർച്ചയായാണ് ചൈനയിൽ നിന്ന് തുടർച്ചയായ ഭീഷണി നേരിടുന്ന രാജ്യമായ തായ്‌വാൻ ഇപ്പോൾ D4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ഇന്ത്യയെ ഔദ്യോഗികമായി സമീപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ കരുത്തുറ്റതും സംയോജിതവുമായ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമാണെന്ന് തെളിഞ്ഞതിനാലും, ഒരു പാക് ഡ്രോണിന് പോലും ഇന്ത്യയിലെ ഒരു ലക്ഷ്യത്തിലും ആക്രമണം നടത്താൻ കഴിയാത്തതിനാലും ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആധികാരികമായി വിജയിച്ചു. ഇതിനുപിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമിച്ച പ്രതിരോധ ആയുധങ്ങളുടെ കയറ്റുമതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും ഇവ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യയെ സമീപിച്ചതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.















