ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇന്ത്യയിലെ യൂട്യൂബർമാരെ ബന്ധിപ്പിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ പൊലീസിലെ മുൻ സബ്ഇൻസ്പെക്ടർ നാസിർ ധില്ലയാണ് ചാരവൃത്തിക്ക് വേണ്ടി യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തത്. ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജസ്ബീർ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുഹൃത്തായ നൗഷാബാ ഷെഹ്സാദിനൊപ്പമാണ് നാസിർ ധില്ലൺ ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരെ ലക്ഷ്യമിട്ടത്. ഐഎസ്ഐയ്‌ക്കും യൂട്യൂബർമാർക്കും ഇടയിൽ പ്രവർത്തിച്ച മുഖ്യകണ്ണിയാണ് ഇയാളെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി.
യൂട്യൂബർ ജ്യോതി മൽഹോത്രയുമായും നാസിറിന് അടുത്ത ബന്ധമുണ്ടായിരുന്നു. വിവരങ്ങൾ പരസ്പരം കൈമാറാനും ഇയാൾ സഹായിച്ചിരുന്നതായാണ് കണ്ടെത്തൽ. ആദ്യം നാസിറും പെൺസുഹൃത്തും യൂട്യൂബർമാരെ പരിജയപ്പെടും. പിന്നീട് അവരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യും. ശേഷം ഇവരെ ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിൽ ജോലി ചെയ്യുന്ന ഐഎസ്ഐ ഉദ്യോഗസ്ഥൻ ഡാനിഷുമായി ബന്ധപ്പെടുത്തും. ഇയാൾ മുഖേനയാണ് ഇന്ത്യയിലെ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നത്.
നാസിറിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഈ യൂട്യൂബ് ചാനൽ വഴി ഇന്ത്യക്കാർക്ക് പാകിസ്ഥാൻ സന്ദർശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച് വീഡിയോകളും നാസിർ പങ്കുവച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.















