വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കാണാൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിതാവ് മരിച്ച കാര്യം അമ്മയെ അറിയിച്ചിട്ടില്ലെന്ന് ഷൈൻ പറഞ്ഞതായി സുരേഷ്ഗോപി വ്യക്തമാക്കി. ഷൈനിന്റെ ചികിത്സാ വിവരങ്ങൾ തിരക്കിയ സുരേഷ്ഗോപി നടനൊപ്പം കുറച്ച് നേരം ചെലവഴിച്ച ശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. പിതാവിന്റെ മരണത്തിലുള്ള ദുഃഖവും പങ്കുവച്ച താരം എല്ലാവിധ പിന്തുണയും വാഗ്ദനം ചെയ്തു.
“തൃശൂരില്‍ നിന്ന് കയറിയതു മുതല്‍ ഡാഡി എന്തൊക്കെയോ തമാശ പറഞ്ഞു. പാലക്കാട് നിന്നും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇടയ്‌ക്ക് ഞാനൊന്ന് ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി”— ഷൈൻ വൈകാരികമായി പ്രതികരിച്ചു.
“പിതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷമാകും ഷൈനിന്റെ ശസ്ത്രക്രിയയെന്നും ഷൈനിന്റെ ചേച്ചിമാർ രാത്രിയെത്തുമെന്നും ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമാകും സംസ്കാരമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളെ അറിയിച്ചു. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കാറിന്റെ പിൻസീറ്റിലിരുന്നവർക്കാണ് പരിക്കേറ്റതെന്നും” സുരേഷ്ഗോപി പറഞ്ഞു.
വള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സിപി ചാക്കോ മരിച്ചത്. ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. . ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാക്കുമാറിയെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.















