ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 202-23 ല്‍ 5.3 ശതമാനമായി കുറഞ്ഞെന്ന് ലോകബാങ്ക്. 11 വര്‍ഷത്തിനിടെ 26.9 കോടി ആളുകളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും മികച്ച ഫലം കാണുന്നെന്നതിന് ദൃഷ്ടാന്തമാണ് ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍.
2011-12 ല്‍ 34.45 കോടിയില്‍ നിന്ന് 2022-23 ല്‍ 7.52 കോടിയായി രാജ്യത്തെ അതി ദാരിദ്ര്യത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഈ കാലയളവില്‍ ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യം 18.4 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞു. അതേസമയം നഗരങ്ങളിലെ അതിദാരിദ്ര്യം 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായി കുറഞ്ഞു.
ബിമാരു സംസ്ഥാനങ്ങള്‍
2011-12 ല്‍ ഇന്ത്യയിലെ അതി ദരിദ്രരില്‍ 65 ശതമാനവും ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു. 2022-23 ഓടെ ഈ സ്ഥാനങ്ങളിലെ അതി ദാരിദ്ര്യ സ്ഥിതി മൂന്നില്‍ രണ്ട് കുറയ്‌ക്കാനായി.
മോദി സര്‍ക്കാരിന്റെ യജ്ഞം
ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, ജന്‍ ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നിവ നിര്‍ണായക ഫലം ഉണ്ടാക്കിയെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഇവയിലൂടെ ഭവന നിര്‍മ്മാണം, ശുദ്ധമായ പാചക ഇന്ധനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഗണ്യമായ പുരോഗതി ഉണ്ടായത്.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിറ്റി), ഡിജിറ്റല്‍ സേവന വിപുലീകരണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സംവിധാനങ്ങളും കൂടുതല്‍ ലക്ഷ്യബോധത്തോടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ സഹായിച്ചെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.















